Thursday, April 5, 2012

രഹസ്യം

ഉറക്കം പലയിതലുകളായി
സ്വപ്നങ്ങല്‍ക്കുമേല്‍
വിരിഞ്ഞിറങ്ങും .
പാതി വഴിയോളം
കൂടെനടന്നു ,
പെട്ടെന്ന് അവയെ
വെളിച്ചത്തിന്
ഒറ്റിക്കൊടുക്കും .

കടുക് മണമുള്ള
രാവിലത്തെ തിടുക്കങ്ങളെ
ഓര്‍ക്കാപ്പുറത്ത്
വന്നു കെട്ടിപ്പിടിക്കും ,
ഉറക്കത്തിന്‍റെ
ചതുപ്പില്‍ നിന്നും
തെറിച്ചു പോയഅതേ സ്വപ്നം .
അരികുകള്‍ തേഞ്ഞു പോയ
പഴയ ചില ഓര്‍മ്മകള്‍ പോലെ
അത് ,ഒരുവളെ
ഉമ്മവച്ചു കൊണ്ടേയിരിക്കും ..

Wednesday, January 25, 2012

വിപരീതം

ഇരുട്ടിനെ അറിയൂ
വെളിച്ചത്തിന്റെ
കൈപ്പട ഉറക്കെ വായിക്കാന്‍
എല്ലാ നിറങ്ങളെയും

ഒറ്റപ്പുതപ്പിലേക്ക്

ചുരുട്ടി മാറ്റുന്ന
നിഴലുകള്‍ക്ക്
അതിനു കഴിയില്ല.
യുദ്ധം ചെയ്യാന്‍
ഒരു
ശത്രു
വേണ്ടതിനാല്‍
ഞാന്‍
പ്രണയിച്ചത്
പോലെ .

Sunday, August 21, 2011

ജാലകം

ഒരു തണുപ്പിനും
ഉരിച്ചു കളയുവാന്‍ ആകില്ല
തിളച്ചു മറിയാതെ
അടച്ചു വയ്ക്കുന്ന
ചില വേദനകളെ
വെന്ത് വെന്ത് പെരുകുന്ന
അവയിലൂടെയാണ്
പെണ്ണുങ്ങള്‍ യാത്ര പോകുന്നത്

Wednesday, November 11, 2009

എന്റെ വേനലില്‍ നിന്നു
ഏത് തണുപ്പിലേക്ക് ആണ്
നീ
കൂട് മാറിയത്

മഴ തെളിച്ചു
നീ
പടി മറഞ്ഞപ്പോള്‍
ഹൃദയം
ശൂന്യമായി

Friday, June 12, 2009

ചെരുപ്പ്


തിടുക്കത്തില്‍ ആണെങ്കിലും

തനിയെ തിരഞ്ഞെടുത്ത

ചെരുപ്പാണ്

അളവ് നോക്കാന്‍ വിട്ടുപോയി

സ്വന്തമായപ്പോള്‍ ആണ് അറിഞ്ഞത്

കാലിനു പാകമെയല്ല

വിരലുകളെല്ലാം വെളിയില്‍

നടക്കുമ്പോള്‍ ഇടയ്ക്കെല്ലാം

കാലില്‍നിന്നു തെറിച്ചു

ദൂരേക്ക്‌


എത്രയിടത്ത്

കല്ലില്‍ തട്ടി വേദനിച്ചു

എന്നും മുറിവും നോവും


കാലുനിറയെ

വ്രണങ്ങളായി

എങ്കിലും

എറിഞ്ഞു കളയാമെന്നു വച്ചാല്‍

ചെരുപ്പില്ലാത്തവളെ

വരാന്തയില്‍ കയറ്റില്ല ആരും

കാലുനിറയെ

ചെളി ഉണ്ടാകുമത്രേ

Sunday, June 7, 2009

പെണ്ണകം പ്രകാശനം

2009 മെയ്‌ 31കൊല്ലം പബ്ലിക് ലൈബ്രറിയില്‍ കവി ശ്രീ.കുരീപ്പുഴ ശ്രീകുമാര്‍ കവി എസ്.ജോസഫിന് നല്കി നിര്‍വഹിച്ചു കവി.ശ്രീ.ചവറ കെ എസ് പിള്ള അധ്യക്ഷനായിരുന്നു ,രാജു വള്ളിക്കുന്നം ,ഡോ.സി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സമീപം.

Tuesday, May 26, 2009

ഓര്‍മ്മ

ഓര്‍ത്തുപോകുന്നു നിന്നെ ഞാന്‍
വേണ്ടെന്നു
വഴികളൊക്കെ
പിണങ്ങുന്നുവെങ്കിലും
ഇരുളിനൊട്ടും
തടുക്കുവാനാകാതെ
ഇതളിലൂടെ
പ്രഭാതം വരുമ്പോലെ
ഓര്‍ത്തു പോകുന്നു
നിന്നെ ഞാന്‍
വേണ്ടെന്നു
കതകു പൂട്ടുന്നു
വര്‍ഷങ്ങള്‍ എങ്കിലും
പ്രണയമെന്നായിരുന്നോ
പ്രതീക്ഷകള്‍
കനലുനീന്തിക്കടക്കുന്നതിന്‍
പേര്‌
ചിതറി വീണിവള്‍
പലതായടുക്കുവാന്‍
പതിയെ വന്ന നീ
നിഴലായിരുന്നുവോ!