Wednesday, November 11, 2009

എന്റെ വേനലില്‍ നിന്നു
ഏത് തണുപ്പിലേക്ക് ആണ്
നീ
കൂട് മാറിയത്

മഴ തെളിച്ചു
നീ
പടി മറഞ്ഞപ്പോള്‍
ഹൃദയം
ശൂന്യമായി

Friday, June 12, 2009

ചെരുപ്പ്


തിടുക്കത്തില്‍ ആണെങ്കിലും

തനിയെ തിരഞ്ഞെടുത്ത

ചെരുപ്പാണ്

അളവ് നോക്കാന്‍ വിട്ടുപോയി

സ്വന്തമായപ്പോള്‍ ആണ് അറിഞ്ഞത്

കാലിനു പാകമെയല്ല

വിരലുകളെല്ലാം വെളിയില്‍

നടക്കുമ്പോള്‍ ഇടയ്ക്കെല്ലാം

കാലില്‍നിന്നു തെറിച്ചു

ദൂരേക്ക്‌


എത്രയിടത്ത്

കല്ലില്‍ തട്ടി വേദനിച്ചു

എന്നും മുറിവും നോവും


കാലുനിറയെ

വ്രണങ്ങളായി

എങ്കിലും

എറിഞ്ഞു കളയാമെന്നു വച്ചാല്‍

ചെരുപ്പില്ലാത്തവളെ

വരാന്തയില്‍ കയറ്റില്ല ആരും

കാലുനിറയെ

ചെളി ഉണ്ടാകുമത്രേ

Sunday, June 7, 2009

പെണ്ണകം പ്രകാശനം

2009 മെയ്‌ 31കൊല്ലം പബ്ലിക് ലൈബ്രറിയില്‍ കവി ശ്രീ.കുരീപ്പുഴ ശ്രീകുമാര്‍ കവി എസ്.ജോസഫിന് നല്കി നിര്‍വഹിച്ചു കവി.ശ്രീ.ചവറ കെ എസ് പിള്ള അധ്യക്ഷനായിരുന്നു ,രാജു വള്ളിക്കുന്നം ,ഡോ.സി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സമീപം.

Tuesday, May 26, 2009

ഓര്‍മ്മ

ഓര്‍ത്തുപോകുന്നു നിന്നെ ഞാന്‍
വേണ്ടെന്നു
വഴികളൊക്കെ
പിണങ്ങുന്നുവെങ്കിലും
ഇരുളിനൊട്ടും
തടുക്കുവാനാകാതെ
ഇതളിലൂടെ
പ്രഭാതം വരുമ്പോലെ
ഓര്‍ത്തു പോകുന്നു
നിന്നെ ഞാന്‍
വേണ്ടെന്നു
കതകു പൂട്ടുന്നു
വര്‍ഷങ്ങള്‍ എങ്കിലും
പ്രണയമെന്നായിരുന്നോ
പ്രതീക്ഷകള്‍
കനലുനീന്തിക്കടക്കുന്നതിന്‍
പേര്‌
ചിതറി വീണിവള്‍
പലതായടുക്കുവാന്‍
പതിയെ വന്ന നീ
നിഴലായിരുന്നുവോ!

Monday, April 27, 2009

രാത്രി

നിറയെ ഉള്ളിലും
കണ്ണിലുംകാറ്റിലും
കനലുതന്നെ നീ ,
ഒന്നുകില്‍ കത്തിടും
നെഞ്ചില്‍ അല്ലെങ്കില്‍
ഉലയായി നീറിടും .

സങ്കടങ്ങള്‍ പതുങ്ങുന്ന
കാടിന്റെ
ചിറകില്‍ ഏറി
മടങ്ങുന്ന
പകലിനെ
മെല്ലെ മെല്ലെ
മറക്കുന്ന
രാത്രി നീ .

വയ്യെനിക്ക്‌
മുറിക്കുവാനീ
വലക്കണ്ണികള്‍
എന്നെ
ഇല്ലാതെ
ആക്കിലും,
അത്രമേല്‍
നീ
പുനര്‍ ജനി -
ച്ചെപ്പൊഴോ
എന്റെ ഉള്ളിലെ
ഞാനായി
ജീവനേ .

എന്നെനീ
അറിയുന്നില്ല
എങ്കിലും
ചോരയായ്
പതയുന്നു
നീ
പ്രാണനില്‍ .

രാത്രിയാണ് നീ
കൂരിരുള്‍
ചില്ലയില്‍
പൂക്കുവാന്‍ വന്ന
സങ്കടമാണ്
ഞാന്‍ .

Sunday, April 26, 2009

നിഴല്‍

ഞാനറിഞ്ഞിരുന്നല്ലോ
നിന്മിടിപ്പുകളെന്നെ
കാതോര്‍ത്തു നോവുന്നതിന്‍
ഗാഡമാം നിശ്ശബ്ദത

എങ്കിലുംപൊതിഞ്ഞെന്നെ
പേടികള്‍,
അരുതെന്ന്ഹൃദയം വിതുമ്പുമ്പോള്‍
ജാലകം അടച്ചു ഞാന്‍ .

വൈകിഞാന്‍ ഓടിക്കിതച്ച്
എത്തുമ്പോഴേക്കും
നീയും കടലും പിരിഞ്ഞുവോ
സ്നേഹമേ !
നടന്നു നീ മറഞ്ഞോ
അകന്നുവോ .....?

പ്രണയം

എത്രമേലഗാധം കടല്‍

നിന്നിലേക്ക്‌ അറ്റുവീഴുകയാണീ

മഴച്ചുരുള്‍

ഏറ്റുവാങ്ങുക ഓരോമിടിപ്പിലും

കാത്തിരിപ്പിന്റെ

പൊള്ളുന്ന തീക്കടല്‍ .

Wednesday, April 8, 2009

ഇരുട്ടത്ത്

മേഘങ്ങള്‍ മിന്നിപെയ്തു തളര്‍ന്ന്
മഴപ്പിന്നല്‍ അഴിക്കാനറിയാതെ
ഒച്ചവച്ചുരുളുംപോള്‍
തട്ടിവീണിരുട്ടിന്‍റെ
നീണ്ട നൂലുകള്‍
കട്ടി തണുപ്പിന്‍
ചൂലും താങ്ങി
കറ്റിറങ്ങുകയത്രേ.

ചതഞ്ഞോരുടല്‍വള്ളിതഴഞ്ഞ്
മെരുങ്ങാതെ
തുറിച്ചു നില്ക്കും വേനല്‍ -
ച്ചെതുമ്പല്‍ ഉരിഞ്ഞിട്ടു
മരങ്ങള്‍ തിരുകുന്നു
കാറ്റിനെ അടിമുടി .

തിളച്ചു തകരാതെ
വഴങ്ങി വഴുതുന്ന
തണുത്ത കള്ളത്തരം
പുതച്ച മഴയാണ്.
ഇരുട്ടത്തൊരിടത്
പുതഞ്ഞു കിടക്കുന്നു ;
പഴക്കമുണ്ടെന്നോര്‍ക്കാന്‍
അടയാളങ്ങള്‍ മാത്രം .
ഇരുട്ടതും കൊണ്ടുപോയ്
ഇലകള്‍ പൊതിഞ്ഞേക്കം
ഇറക്കമിറങ്ങുംപോള്‍
ഒടുവില്‍ മറന്നേക്കാം.